Irupathiyanchamathe Manikkoor
Click Image for Gallery
സ്മിത മീനാക്ഷിയുടെ കവിതകളെ ഞാനറിയുവാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളായി. നീര്‍ക്കെട്ടുകളുടെ ഓരത്ത് നിശ്ചല ജലകണ്ണാടിയിലെ ആകാശമെത്തയില്‍ പ്രതിഫലിക്കുന്ന കുഞ്ഞുപൂക്കളുടെ ഛായകളായാണ് എനിക്കവ അനുഭവപ്പെടാറ്. അടിത്തട്ടില്‍ നിന്നും വിരിഞ്ഞുവന്ന ആകാശ കുസുമങ്ങള്‍. പറിച്ചെടുത്താല്‍ ഇത്തിരി കണ്ണീരും ഒപ്പം ഇങ്ങ് പോരും. മുറിഞ്ഞുപോയൊരു ശ്വാസം ആ ഇതളുകളില്‍ പറ്റിപ്പിടിച്ചിരിക്കും. വീണ്ടും ചിന്തയുടെ ജലപാളിയിലേക്ക് തര്‍പ്പണം ചെയ്താല്‍ അതവിടം വിത്തുകളൂട്ടി പല ജന്മങ്ങളായി പുനര്‍ജനിക്കും.